Tuesday, June 3, 2008

പേരില്ലാത്ത കവിത

ഒന്നാം പാഠംഎന്താണെന്ന്‌ ആര്‍ക്കുമറിയില്ലായിരുന്നു.

അതുകൊണ്ടാവണം

എല്ലാവരും വിലക്കപ്പെട്ട കനിയെക്കുറിച്ചുള്ളപാട്ടുകള്‍ പാടികൊണ്ടിരുന്നു.

രണ്ടകലങ്ങളെ ഒരു ബിന്ദുവിലെത്തിക്കാനായാല്‍

എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന്‌ആരോ പറയുന്നുണ്ടായിരുന്നു.

ത്രികോണങ്ങളുടെ ലോകത്തുനിന്ന്‌എല്ലാവരും

പുറത്താക്കപ്പെടുകയായിരുന്നു. അപ്പോഴും

തിരക്കില്‍ നഷ്ടപ്പെടുന്നനീളന്‍ കയ്യുറകളാരുടേതെന്ന

ചോദ്യം ഉയര്‍ന്നുകൊണ്ടിരുന്നു.

എല്ലാവര്‍ക്കും എല്ലാവരെയും

കാണാനാകുന്ന ഒരു ബിന്ദുവുണ്ട്‌.

അവിടെയാണ്‌ ഒരു സ്റ്റേഷനിലും നിര്‍ത്താതെ പോകുന്നതീവണ്ടികള്‍ കാണാതാകുന്നത്‌.

അയുക്തികളുടെ നഗരമേ,

നീലചിത്രങ്ങളുടെ സൈറ്റില്‍നിന്നും

നിന്നെ ഡൌണ്‍ലോഡ്‌ ചെയ്യുമ്പോള്‍രണ്ടു മൂന്നുനിലകെട്ടിടങ്ങള്‍ മാത്രമാണ്‌ നിനക്കുണ്ടായിരുന്നത്‌.

പിന്നീടാണ്‌ ആര്‍ക്കുമിഷ്ടപ്പെടുന്ന

എട്ടുവരിപ്പാതയുംചെടികള്‍ നിറഞ്ഞ നടപ്പാതയും സ്വന്തമായത്‌.

നട്ടുച്ചയില്‍നിന്ന്‌

വെയിലിറങ്ങിപോകുന്നത്‌എല്ലാവരും കണ്ടുനിന്നതാണ്‌.

എന്നിട്ടുമെന്തേ ആ മരങ്ങള്‍ക്കിടയില്‍ഉറങ്ങിക്കിടക്കുന്ന

പെണ്‍കുട്ടികള്‍ എഴുന്നേറ്റുപോകാത്തത്‌.

ഒരു പുല്‍നാമ്പിണ്റ്റെ

സഹായമില്ലാതെ ജലത്തിനെക്കാളും

താണ അവസ്ഥയില്‍നിന്നുംനമ്മുക്കുയിര്‍ത്തെഴുന്നേക്കാനാവില്ല.

കണ്ണാടിയിലേയ്ക്ക്‌കയറിപോകുന്നതിന്‌ മുമ്പ്‌

നീയെന്താണ്‌ പറഞ്ഞത്‌.

ആരുടെ പരുക്കന്‍ വിരലുകളെക്കുറിച്ചാണ്‌ പരാതിപ്പെട്ടത്‌.

അതോ അതൊരു മുന്നറിയിപ്പായിരുന്നോ ?

പേരിനൊടൊപ്പം അധികചിഹ്നമിട്ട്‌

എത്ര നഗരങ്ങളേയാണ്‌ നീ സ്വന്തമാക്കിയത്‌.

കുളമ്പടിയടയാളങ്ങള്‍ അവശേഷിക്കാത്ത

അവിടത്തെ തെരുവുകള്‍ ഏത്‌ നഗരത്തില്‍നിന്ന്‌ ഏതു നഗരത്തിലേയ്ക്കുള്ളതായിരുന്നു.

ചായക്കോപ്പകളില്‍നിന്ന്‌

അവസാനമിറങ്ങിപോയതാരായിരുന്നു.

ചുരുണ്ടമുടിയിഴകളുടെ വള്ളം

എവിടെയാണ്‌ തകര്‍ന്നുപോയത്‌.

പുളിയിലകള്‍ നിറഞ്ഞതോട്‌

കവിഞ്ഞൊഴുകുന്നത്‌ഏതു നക്ഷത്രരാശിയിലാണ്‌.

ഉമിനീരില്‍ കുതിരുന്ന ലോകങ്ങളെ

നിന്ടെ പേരിട്ട്‌ വിളിക്കാനാകുമെന്ന്‌ തിരിച്ചറിഞ്ഞതെന്നാണ്‌.

അതോ അതും ആരോ പറഞ്ഞ നുണയായിരുന്നോ?

ഭൂമി മൂന്നുതവണ കറങ്ങിവരുന്നതുവരെനിനക്ക്‌

ആദ്യത്തെ ഇലയുടെ മുഴുവന്‍ മധുരവും നുകരാം.

പിന്നെ നീയെന്തിനാണ്‌ പേടിക്കുന്നത്‌.

ഇന്നലെ രാത്രിയില്‍ നിണ്റ്റെ മടിയിലുറങ്ങിയ ആ കന്യാസ്ത്രീയുടെപേരെന്തായിരുന്നു.

തുടകള്‍ കൂട്ടിമുട്ടുമ്പോളുണ്ടാകുന്നതെന്താണ്‌ തീയോ, പഴകിയ വീഞ്ഞോ?

നദിയുടെ ഉറഞ്ഞുപോയഏതടരിലാണ്‌

നീയൊളിച്ചിരിക്കുന്നത്‌.

അതിര്‍ത്തികളെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം അവസാനിക്കുന്നത്‌ നിന്നിലെത്തുമ്പോഴാണെന്നറിയാമായിരുന്നു.

അതുകൊണ്ടാണ്‌ അവസാനത്തെ വസ്ത്രമാണ്‌ ഭൂമിയെന്ന്‌ നീ പറയുന്നത്‌എല്ലാവരും വിശ്വസിക്കുന്നത്‌.

സമയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുമുമ്പില്‍

നമ്മളെല്ലാംതോറ്റുപോകുന്ന ദിവസങ്ങളാണ്‌ കടന്നുപോകുന്നത്‌. പിരിയന്‍കോവണികളില്‍നിന്ന്‌

നമ്മളിറങ്ങിനടക്കുന്നത്‌ആരുടെ മുന്തിരിതോട്ടത്തിലേയ്ക്കാണ്‌.

നാഴികമണികള്‍ വയലിനുകളെ ഒളിപ്പിച്ചുകടത്തുന്നതെന്തിനാണ്‌.

ഓര്‍മ്മകളെക്കുറിച്ച്‌ പറയുമ്പോള്‍ മാത്രമാണ്‌നീ

അറിവുള്ളവളാണെന്ന്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.

ദേശാടനകിളികളെ ഏതോ ഒരു നദിയുടെ പേരുപറഞ്ഞ്‌ഏറെകാലം മോഹിപ്പിച്ചത്‌

എത്രലാഘവത്തോടെയാണ്‌ നീ പറഞ്ഞത്‌.

അങ്ങനെയൊരു നദി ഭൂമിയിലുണ്ടായിരുന്നില്ലെന്ന്‌അടിയൊഴുക്കുകള്‍ കൂടെക്കൂടെ പറയാറുണ്ട്‌.

നൂറു കത്തിച്ച മെഴുകുതിരികള്‍കൊണ്ട്‌

വീടുണ്ടാക്കിയതും അവിടെ ഏറ്റവും പ്രീയപ്പെട്ട പൊമറേനിയനുമായിമൂന്നുദിവസം

സല്ലപിച്ചതും നിണ്റ്റെ പ്രീയപ്പെട്ട ഓര്‍മ്മകളാണല്ലോ.

ഭൂമിയുടെ വയസ്സെത്രയെന്ന ചോദ്യത്തിന്‌

കണംകാലിലെരോമത്തിണ്റ്റെ എണ്ണം പറഞ്ഞ നിണ്റ്റെ കുട്ടിക്കാലകുസൃതിമാത്രം നീ മറന്നുപോയി.

എന്തായാലും ആ മാവിന്‍ചുവട്ടില്‍

ഒരു നിമിഷംകൂടി കാത്തിരുന്നെങ്കില്‍

നിനക്ക്‌ ചിത്രശലഭമായി മാറാമായിരുന്നു.

ആദ്യത്തെവിത്തിനും അവസാനത്തെവിത്തിനും

തമ്മിലുള്ള വ്യത്യാസമെന്നു പറയുന്നത്‌.

ആദ്യത്തെവിത്തില്‍ നിന്ന്‌ ഞാനും

അവസാനത്തെവിത്തില്‍ നിന്നും നീയുമുണ്ടായി എന്നതുമാത്രമാണോ.

അതോ, പേരറിയാത്ത ഏതോ തുറമുഖഗ്രാമത്തില്‍

നിന്നെ പ്രതീക്ഷിക്കുന്ന ഒരുവനുണ്ടാകുമെന്നതോ ?

പുല്ലുകള്‍ക്കിടയില്‍ ഉറങ്ങികിടക്കുന്ന

കൂറ്റന്‍ ജനലുകളെ വിളിച്ചുണര്‍ത്തിയത്‌

ആരുടെ കാല്‍പെരുമാറ്റമാണ്‌.

ഏത്‌ വിദൂഷകണ്റ്റെ കുഴലൂത്തിലേയ്ക്കാണ്‌

നീയിറങ്ങിപോയത്‌.

തുടകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ചതെന്താണ്‌.

ഇലതുമ്പില്‍ നിന്നടര്‍ന്ന

ഒരു തുള്ളി ആഴത്തെ ഉപേക്ഷിക്കുന്നതെവിടെയാണ്‌ഒറ്റവീട്‌

മാത്രമുള്ള ഏത്‌ ദ്വീപിലേയ്ക്കാണ്‌ നാടുകടത്തുന്നത്‌.

ഈ പുഴയില്‍

ആരോ അടിയൊഴുക്കുവരച്ചിടുന്നു.

തോണിക്കാരന്‍ മഷിപടര്‍ന്ന്‌ മരങ്ങളായി മാറിയിരിക്കുന്നു.

കളിപ്പാട്ടങ്ങളുടെ പേരുള്ള

നഗരങ്ങളില്‍ഒരു ജനകൂട്ടം അതിജീവനത്തെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുന്നു.

(നീയപ്പോഴും പാവാടയ്ക്കുള്ളിലേയ്ക്ക്‌ അരിച്ചിറങ്ങിയ

ആ പരുക്കന്‍ വിരലുകളെക്കുറിച്ചോര്‍ത്തിരിക്കുന്നു. ?)

3 comments:

Ranjith chemmad / ചെമ്മാടൻ said...

ഒരു മഹാ പ്രളയം കഴിഞ്ഞ പ്രതീതി, വായനക്കൊടുവില്‍.

മനോഹരമായിരുക്കുന്നു...
ഒരു ബദാം പഴം പോലെ,
പൊട്ടിച്ചതിന്റെ പരിപ്പെടുത്ത് പാലില്‍ സേവിക്കാന്‍ കൊണ്ടു പോകുന്നു...
താങ്കളുടെ ഈ കവിത...

Unknown said...

അന്ന് തുറവൂര്‍ വച്ചു കണ്ടതില്‍പ്പിന്നെ ഇവിടെ വച്ചാണ് നിന്നെ കാണുന്നത്? സുനില്‍മാഷ് ഉണ്ടോ?ഇവിടെ എവിടെയെങ്കിലും?

encyclopedia5 said...

your poems have a uniqueness of your own...
i began to notice ur poems after i first read one of them in MUKHAREKHA..
i am also an alapppuzhaite ...
where do u dwell in alpy?

keep on writing ..........
best wishes......
visit my blog sreedalam.blogspot.com